കോഴിക്കോട്: പുറത്ത് നിന്നും എത്തിയ ഒരു സംഘം ആളുകളാണ് തന്നെ മർദിച്ചതെന്ന് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ. എസ്എഫ്ഐ പ്രവർത്തകർ എന്ന് പറഞ്ഞ് എത്തിയവരാണ് തന്നെ മർദ്ദിച്ചത്. കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും, പുറത്ത് മർദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. സുനിൽ ഭാസ്കർ വ്യക്തമാക്കി
അതേ സമയം, കോളേജില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഏരിയാ പ്രസിഡന്‍റ് അഭിനവിനെ പ്രിന്‍സിപ്പലാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ നേതാക്കൾ വ്യക്തമാക്കി.
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ പൊലീസ് ആദ്യം കേസെടുത്തത് എസ്എഫ്ഐയുടെ പരാതിയിലാണ്. തുടർന്ന് രണ്ടു മണിക്കൂറിനു ശേഷമാണ് മർദ്ദനമേറ്റ പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്കറും സ്റ്റാഫ് സെക്രട്ടറി രമേഷും പ്രതികളാണ്. പ്രിൻസിപ്പലിന്റെ പരാതിയിൽ കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്

