തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടണമെന്ന ഉല്‍പ്പാദകരുടെ നീണ്ടകാലമായുള്ള ആവശ്യത്തിന്റെ ഭാഗമായാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി. വീട്ടിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ യൂണിറ്റിന് 2.69 രൂപയാണ് നല്‍കിയിരുന്നത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ നല്കിയ വൈദ്യുതിക്കാണ് ഇത് ബാധകമാകുക.
വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് ഉപഭോഗ ശേഷം വരുന്ന സൗരോര്‍ജ്ജം കെഎസ്ഇബിയുടെ ഗ്രിഡുകളിലേക്ക് നല്കുമ്പോള് സോളാര്‍ വൈദ്യുതി നിരക്കും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ കെഎസ്ഇബിയില്‍ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കെഎസ്ഇബി താരിഫും നല്‍കേണ്ടി വരുന്നത് കൊണ്ടാണ് ഉയര്‍ന്ന വൈദ്യുതി നിരക്ക് എന്നായിരുന്നു ആക്ഷേപം. ഇതിന് പരിഹാരമെന്നോണവും സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി.
Discussion about this post