മാന്നാർ: 15 വർഷം മുൻപ് കാണാതായ കല എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഇനി വേണ്ടത് ശാസ്ത്രീയ തെളിവുകൾ. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത് കലയുടേത് തന്നെയാണ് ഉറപ്പിക്കാൻ ശാസ്ത്രീയമായ തെളിവുകളാണ് ഇനി ആവശ്യം. ഇതിനായി കിട്ടിയ വസ്തുക്കളെല്ലാം ഫോറൻസിക് സംഘത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.
അതേസമയം സുരേഷ് കുമാർ എന്ന വ്യക്തിയുടെ സാക്ഷിമൊഴിയും കേസിൽ നിർണായകമാണ്. കൊലപാതകത്തിനുശേഷം കലയുടെ ഭർത്താവ് മൃതദേഹം മറവുചെയ്യാനായി സുരേഷ് കുമാറിന്റെ സഹായം തേടിയെന്നും എന്നാൽ അതിന് അദ്ദേഹം തയ്യാറായില്ലെന്നുമാണ് മൊഴി. സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റിക് ടാങ്കിൽ മൂന്നു വളയങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിൽനിന്ന് സ്ത്രീയുടെ മുടിയടക്കം തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഫൊറൻസിക് വിദഗ്‌ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Discussion about this post