തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടർന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം അരത്തൻതൈ പുരയിടത്തിൽ പ്രവീസ് (57) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് പ്രവീസ് മക്കൾക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കാനെത്തിയത്. മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽ തെറിച്ചു. ജെല്ലി ഫിഷ് കണ്ണിലും മുഖത്തും പറ്റിയതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടാവുകയും തുടർന്ന് കണ്ണിൽ നീരു പടർന്ന് വീർക്കുകയും ചെയ്തു. പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അസ്വസ്ഥത കൂടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
