കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കുട്ടികൾ കുളിച്ച പയ്യോളി പള്ളിക്കരയിലെ കാട്ടുംകുളം അടച്ചു. പയ്യോളി, തിക്കോടി മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പയ്യോളിയിൽ രണ്ട് വിദ്യാർഥികളിൽ രോഗലക്ഷണം കണ്ടെത്തിയത്തോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ.
അതേ സമയം തിക്കോടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്തെ കുളങ്ങളിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതുവരെ ആകെ അഞ്ച് പേർക്കാണ് രോഗം പിടിപെട്ടത്. നിലവിൽ രണ്ട് കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
