തൃശൂർ : ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്താൻ ഒരുങ്ങി പോലീസ്. നിരവധി കേസുകളിൽ ഉൾപ്പെട്ട അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. തൃശൂർ ഈസ്റ്റ് പൊലീസ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകണം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
അതേസമയം തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വമ്പിച്ച വിജയം കൈവരിച്ചതിൽ സിപിഎം പകപോക്കലാണ് ജില്ലാ പ്രസിഡന്‍റിനെതിരായ നീക്കമെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
രാഷ്ട്രീയ നേതാക്കൾക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. പൊലീസ് നീക്കത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

