മുംബൈ: മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ വിക്ടറി മാർച്ച്. മറൈൻ ഡ്രൈവിൽ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ നടത്തിയ വിക്ടറി മാർച്ച് കാണാൻ ലക്ഷക്കണക്കിനാരാധകരാണ് മറൈൻ ഡ്രൈവിൻറെ ഇരുവശത്തുമായി തടിച്ചു കൂടിയത്. സൂചികുത്താൻ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകർക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാൻ പോലും പലപ്പോഴും ബുദ്ധിമുട്ടി.
വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാർച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാൻ ഏഴ് മണിയായി. മറൈൻ ഡ്രൈവിൽ നിന്ന് തുറന്ന ബസിൽ തുടങ്ങിയ മാർച്ചിൽ ഇന്ത്യൻ താരങ്ങൾ റോഡിൻറെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിൻറെ തോളിൽ കൈയിട്ട് ബസിൻറെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിൻറെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കൽ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയർത്തി. ഇന്ത്യൻ ആരാധകർ വർഷങ്ങളായി കാണാൻ കൊതിച്ച നിമിഷം. ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ പതാക വീശി മുന്നിൽ നിന്നപ്പോൾ വിരാട് കോലിയും അക്സർ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകർക്കൊപ്പം ആവേശത്തിൽ പങ്കാളികളായി.
ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡൻറ് രാജിവ് ശുക്ലയും കളിക്കാർക്കൊപ്പം ടീം ബസിലുണ്ടായിരുന്നു. വിക്ടറി മാർച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് താരങ്ങളെ ആദരിച്ചു. വാംഖഡെയിലെ ആയിരക്കണക്കിന് ആരാധകർക്കുനേരെ ലോകകപ്പ് ഉയർത്തിക്കാട്ടി ഹാർദ്ദിക് തന്നെ കൂവിയവരോട് മധുരമായി പ്രതികാരം വീട്ടി. ഇന്ന് രാവിലെ ആറരയോടെയാണ് ഇന്ത്യൻ ടീം അംഗങ്ങൾ ബോയിംഗ് 777 വിമാനത്തിൽ ബാർബഡോസിൽ നിന്ന് ഡൽഹിയിൽ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങൾ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചശേഷമാണ് താരങ്ങൾ മുംബൈയിലേക്ക് വിമാനം കയറിയത്. വിസ്താര വിമാനത്തിൽ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട് നൽകിയാണ് അഗ്നിശമനസേന വിമാനത്താവളത്തിൽ സ്വീകരിച്ചത്. വാംഖഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാൽ ആയിരക്കണക്കിനാരാധകരാണ് ഉച്ചക്ക് രണ്ട് മണി മുതൽ തന്നെ ലോകകപ്പ് ജേതാക്കളെ കാണാൻ സ്റ്റേഡിയത്തിലെത്തിയത്.
Discussion about this post