സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടന്ന ഹൈറിച്ച് തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ്. ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇ.ഡി നടപടി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മൾട്ടി ചെയിൻ മാർക്കറ്റിങ്, ഓൺലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ ഹൈറിച്ചിൻറെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. മണിചെയിൻ തട്ടിപ്പ്, കുഴൽപണം തട്ടിപ്പ്, ക്രിപ്റ്റോറൻസി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേർന്നു നടത്തി. വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതെന്നാണ് ഇ.ഡി പറയുന്നത്. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടുമുണ്ട്. ജിഎസ്ടി തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം. എന്നാൽ പിന്നീട് പുതിയ കണ്ടെത്തലുകൾ വന്നതോടെ ആ വാദം പൊളിഞ്ഞു.
നേരത്തെ 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു .എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നതും ഇതിൽ അന്വേഷണം നടന്നതും.
Discussion about this post