പ്രഭാസ്-നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡിയെ വിമർശിച്ച് നടൻ മുകേഷ് ഖന്ന. താൻ സിനിമ ഏറെ ആസ്വദിച്ചു. അതിന്റെ നിർമ്മാണത്തെ താൻ അഭിനന്ദിക്കുന്നു. എന്നാൽ മഹാഭാരതത്തിലെ ഘടകങ്ങൾ മാറ്റാനുള്ള അണിയറപ്രവർത്തകരുടെ തീരുമാനം തെറ്റാണെന്ന് മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മഹാഭാരതം സീരിയലിൽ ഭീഷ്മരായി അഭിനയിച്ച താരമാണ് മുകേഷ് ഖന്ന.
സിനിമയുടെ തുടക്കത്തിൽ ശ്രീകൃഷ്ണൻ വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയിൽ നിന്ന് ശിവമണി എടുക്കുകയും അദ്ദേഹത്തെ ശപിക്കുകയും ചെയ്യുന്നു. വ്യാസമുനിയെക്കാൾ നിങ്ങൾക്ക് അറിയാമെന്ന് എങ്ങനെ കരുതുന്നു. ശ്രീകൃഷ്ണനല്ല അശ്വത്ഥാമാവിന്റെ നെറ്റിയിൽ നിന്ന് ശിവമണി എടുത്തു മാറ്റുന്നത്. കുട്ടിക്കാലം മുതൽ മഹാഭാരതം വായിക്കുന്ന വ്യക്തിയാണ് താൻ. അശ്വത്ഥാമാവിന്റെ നെറ്റിയിലെ ശിവമണി അർജുനും ഭീമനും ചേർന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നൽകുകയായിരുന്നു. ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്റെ പ്രതികാരമായിരുന്നു അത് എന്ന് മുകേഷ് ഖന്ന പറഞ്ഞു.
ശ്രീകൃഷ്ണൻ ഒരിക്കലും കൽക്കിയായി ജനിക്കുമെന്നോ അശ്വത്ഥാമാവ് ഭാവിയിൽ തന്റെ രക്ഷകനാകുമെന്ന് പറയുകയോ ചെയ്തിട്ടില്ല. കൃഷ്ണനെപ്പോലെ ശക്തനായ ഒരാൾ അശ്വത്ഥാമാവിനെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാൻ എങ്ങനെ ആവശ്യപ്പെടും? ഓരേ ഹിന്ദുവും ഇതിൽ പ്രതികരിക്കണമെന്ന് മുകേഷ് ഖന്ന പറഞ്ഞു. പ്രഭാസിന്റെ മുൻചിത്രമായ ആദിപുരുഷിൽ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ പരിഹസിച്ചുവെന്നും മുകേഷ് ഖന്ന ആരോപിച്ചു.
അതേസമയം കൽക്കി 2898 എ ഡി മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്‌ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്‌ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.

