ടി20 ലോകകപ്പ് നേടിയതിൻറെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളികൾ. ശുഭ്മാൻ ഗില്ലിൻറെ നേതൃത്വത്തിൽ ഐപിഎല്ലിൽ തിളങ്ങിയ യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയിൽ പരമ്പരക്കിറങ്ങുന്നത്.
ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങൾക്കില്ലെങ്കിലും ലോകകപ്പ് ടീമിലെ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ അവസാന മൂന്ന് ടി20കൾക്കുള്ള ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലെ റിസർവ് ലിസ്റ്റിലുണ്ടായിരുന്ന ശുബ്മാൻ ഗില്ലാണ് ടീമിൻറെ നായകൻ. ഐപിഎല്ലിൽ തിളങ്ങിയ റിയാൻ പരാഗ്, അഭിഷേക് ശർമ, ഹർഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് യുവ ഇന്ത്യ. സഞ്ജു സാംസൺ ആയിരുന്നു ആദ്യം പ്രഖ്യാപിച്ച ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. എന്നാൽ ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജുവിനും യശസ്വിയ്ക്കും ദുബെയ്ക്കും ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം നൽകി പകരം സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെ സെലക്ടർമാർ ടീമിലെടുക്കുകയായിരുന്നു.
രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം പ്രതീക്ഷിച്ചാണ് യുവതാരനിര സിംബാബ്‌വെയിൽ ഇറങ്ങുന്നത്. ഭാവി ക്യാപ്റ്റനായി പരിഗണിക്കുന്ന ശുഭ്മാൻ ഗില്ലിനും ഈ പരമ്പര നിർണായകമാണ്. ജൂലൈ 6, ഏഴ്, 10, 13, 14 തിയതികളിലാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ്.
ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. ടിവിയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗിൽ സോണി ലിവിലും മത്സരം തത്സമയം കാണാനാകും.
സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെൽ , റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ.
Discussion about this post