ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മിഷൻ. വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റുള്ള വിവരങ്ങൾ പുറത്ത് വിടണമെന്നാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ അബ്ദുൽ ഹക്കീം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം വിവരങ്ങൾ പുറത്ത് വിടുമ്പോൾ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിർദേശമുണ്ട്
ഉത്തരവു പൂർണമായി നടപ്പാക്കിയെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ. എന്നാൽ 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിയമിക്കുന്നത്. തുടർന്ന് അതേ വർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിക്കുകയായിരുന്നു.
തുടർന്ന് തൊഴിൽ അന്തരീക്ഷവും സിനിമാ മേഖലയിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അന്വേഷിക്കാൻ സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്‌നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷൻ റിപ്പോട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post