നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാർലമെന്റിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക.
ജൂലൈ 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ വർഷം ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
23ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ഏറ്റവുംകൂടുതൽ ബജറ്റവതരണം നടത്തിയ മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡ് മറിടക്കും. അവതരിപ്പിച്ച ഏഴ് ബജറ്റുകളിൽ ആറെണ്ണവും സമ്പൂർണ ബജറ്റുകളാണെന്ന പ്രത്യേകതയുമുണ്ട്.
തുടർച്ചയായി ഇത് രണ്ടാം തവണയാണ് നിർമല സീതാരാമൻ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി ചുമതലയേൽക്കുന്നത്. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏതെല്ലാം ഘടകങ്ങൾക്കാണ് വരുന്ന കേന്ദ്ര ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകാൻ പോവുന്നതെന്നതിന്റെ ഏകദേശ രൂപരേഖ നിർമല സീതാരാമൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം മോദി സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടപ്പാക്കാനായിരിക്കും രണ്ടാമതും ധനമന്ത്രിയായിരിക്കുന്ന നിർമല സീതാരാമൻ ശ്രമിക്കുക. കേന്ദ്ര മന്ത്രിസഭയിൽ ആദ്യം വാണിജ്യമന്ത്രിയായിരുന്ന നിർമല 2017ൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തു. രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന ചരിത്രം രചിച്ച് കൊണ്ടാണ് നിർമല ചുമതല നിർവഹിച്ചത്.
2014 മുതൽ 2029 വരെയുള്ള കാലയളവിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ‍്‍റ്റ‍്‍ലിയുടെ പിൻഗാമിയായാണ് നിർമല ധനമന്ത്രി ആ സ്ഥാനത്തേക്ക് വരുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമാണ് ആദ്യമായി ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയെന്ന റെക്കോഡും നിർമല സീതാരാമന്റെ പേരിലാണ്.
Discussion about this post