ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാക്കാൻ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. ഇതിനോടകം തന്നെ കെട്ടിടത്തിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയിൽ ക്ലിനിക്ക് എന്ന പേരിൽ പുതുക്കി പണിയുകയായിരുന്നു. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.
ഇവിടുത്തെ നാട്ടുകാർക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം.
Discussion about this post