രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ടെയിൻ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളുടെയും അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്എസ്ആർസിഎൽ) ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴി(എംഎഎച്ച്എസ്ആർ) എന്നാണ് ഔദ്യോഗികമായി ഈ പാത അറിയപ്പെടുന്നത്. വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി എന്നിവയാണ് ഗുജറാത്തിലെ എട്ട് സ്‌റ്റേഷനുകൾ.
എൻഎച്ച്എസ്ആർസിഎൽ ആണ് സ്‌റ്റേഷനുകളുടെ നിർമാണത്തിന് നേതൃത്വം നൽകുന്നത്. ഓരോ സ്‌റ്റേഷനുകളും വ്യത്യസ്ത നിർമാണ ഘട്ടത്തിലാണ് ഉള്ളതെന്ന് അവർ അറിയിച്ചു.
വാപിയിൽ റെയിൽ ലെവൽ സ്ലാബുകൾ ഇടുന്ന ജോലികൾ പൂർത്തിയായി. ബിലിമോറയിൽ പ്ലാറ്റ്‌ഫോം ലെവൽ സ്ലാബുകൾ ഇടുന്ന പണികൾ പൂർത്തിയായി. സൂറത്തിലും ആനന്ദിലും പ്ലാറ്റ്‌ഫോം സ്ലാബ് ഇടുന്ന ജോലികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. അഹമ്മദാബാദിൽ സ്ലാബ് ഇടുന്ന ജോലികൾ തുടങ്ങി. ബറൂച്ചിൽ 100 മീറ്ററോളം ദൂരം റെയിൽവെ സ്ലാബ് ഇടുന്ന ജോലികൾ പൂർത്തിയാകാനുണ്ട്.
സൂറത്തിലും സബർമതിയിലുമായി പദ്ധതിക്ക് രണ്ട് ഡിപ്പോകളാണ് ഉള്ളത്. സൂറത്തിലെ ഡിപ്പോയുടെ കെട്ടിടനിർമാണം പൂർത്തിയായിട്ടുണ്ട്. ട്രാക്ക് നിരത്തുന്നതിനായുള്ള ജോലികൾ കരാറുകാരന് കൈമാറി.
സബർമതി ഡിപ്പോയിൽ മണ്ണുമാറ്റുന്ന പണികൾ പൂർത്തിയായിട്ടുണ്ട്. ഇവിടെ ഓവർ ഹെഡ് എക്യുപ്‌മെന്റ്(ഒഎച്ച്ഇ) ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണ്. വിവിധ ഷെഡുകൾ/വർക്ക്‌ഷോപ്പുകൾക്കുള്ള അടിത്തറ നിർമിക്കുന്ന പണികൾക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിനായുള്ള റൈൻഫോഴ്‌സ്ഡ് സിമെന്റ് കോൺക്രീറ്റ് ജോലികളും പുരോഗമിക്കുന്നു.
സിവിൽ പണികൾക്കുള്ള കരാറുകൾ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കുമാണ് നൽകിയത്.
ദാദ്ര-നാഗർ ഹവേലി വഴി ഗുജറാത്തിനെയും മഹാരാഷ്ട്രയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി. പദ്ധതിയ്ക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്ന ജോലികൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ഡിപ്പോകളുടെയും ഇലക്ട്രിക്കൽ ജോലികളുടെയും കരാറുകൾ കൈമാറി കഴിഞ്ഞു. മഹാരാഷ്ട്രയിൽ 156 കിലോമീറ്റർ, ദാദ്ര-നാഗർ ഹവേലി നാല് കിലോമീറ്റർ, ഗുജറാത്തിൽ 384 കിലോമീറ്റർ എന്നിങ്ങനെയാണ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ദൈർഘ്യം. 12 സ്‌റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 508 കിലോമീറ്റർ ദൂരമാണ് പദ്ധതിയുടെ ആകെ ദൈർഘ്യം.
Discussion about this post