ന്യൂഡൽഹി: ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. മടയൻ,മുടന്തൻ തുടങ്ങിയ പദങ്ങൾ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
‘ആംഖ് മിച്ചോളി’ എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ച് നിപുൺ മൽഹോത്ര സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഭിന്നശേഷിക്കാരുടെ വൈവിധ്യമാർന്ന യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ ദൃശ്യമാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അവരുടെ വെല്ലുവിളികൾ മാത്രമല്ല വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ക്രീനിംങിന് മുമ്പ് ഫിലിം സർട്ടിഫിക്കേഷൻ ബോഡി വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും നിർദ്ദേശത്തിലുണ്ട്.
Discussion about this post