റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടർന്ന് ഇവരെ സൈന്യത്തിൽനിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുട്ടിൻ അറിയിക്കുകയായിരുന്നു.
യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന 2 ഇന്ത്യക്കാർ മരിച്ചിരുന്നു. ഒട്ടേറെപ്പേർ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇരുപതിലേറെ ഇന്ത്യക്കാരാണ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യയുടെ യുദ്ധമുഖത്തെത്തിപ്പെട്ടത്. മലയാളികളും ഇതിൽ ഉൾപ്പെടുന്നു.
അത്താഴവിരുന്നിടെ മൂന്നാം തവണയുമുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് പുട്ടിൻ മോദിയെ അഭിനന്ദിച്ചു.
റഷ്യൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച(ഇന്ന്) പുട്ടിനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. 22ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും. 2019ൽ പ്രഖ്യാപിച്ച പുരസ്കാരമാണിത്.
Discussion about this post