അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. സംസ്ഥാനത്ത് 828 പേരില്‍ എച്ച്‌ഐവി വൈറസ് ബാധിച്ചതായാണ് കണക്ക്. ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
220 സ്കൂളുകൾ, 24 കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിതരിലേറെയും.
ത്രിപുര ജേർണലിസ്റ്റ് യൂണിയൻ, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്. ദിനംപ്രതി അഞ്ചുമുതൽ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post