കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിൽ അർജന്റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കനേഡിയൻ സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാർ ഫൈനലിൽ കടന്നത്. ഹൂലിയൻ ആൽവരെസും ലയണൽ മെസ്സിയും അർജന്റീനയ്ക്കായി ഗോളുകൾ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അർജന്റീന ഫൈനലിൽ നേരിടും.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് അർജന്റീനൻ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. റോഡ്രിഗോ ഡി പോൾ നൽകിയ പാസുമായി മുന്നേറിയ ഹൂലിയൻ ആൽവരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ അർജന്റീന പിന്നീടും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ വന്നില്ല.
രണ്ടാം പകുതിയെ ധന്യമാക്കിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയിൽ ഇതാദ്യമായാണ് മെസ്സി ഗോൾ നേടുന്നത്. എൻസോ ഫെർണാണ്ടസ് നൽകിയ പാസിലാണ് ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ അവസാന മിനിറ്റുകളിൽ ചില കനേഡിയൻ ആക്രമണങ്ങൾ ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനൽ കളിക്കും.

