കട്ടപ്പന: സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഇടുക്കിയിലെ ഊരുകളിൽ ഭക്ഷ്യവിഷബാധ. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018-ൽ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റിൽ ഉണ്ടായിരുന്നത്.
വെളിച്ചെണ്ണയുടെ പാക്കറ്റിൽ ബന്ധപ്പെടാൻ കൊടുത്ത ഫോൺ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി. പരാതി ഉയർന്നതോടെ വെളിച്ചെണ്ണയുടെ സാമ്പിൾ പട്ടികവർഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രംഗത്ത് വന്നു. വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിന് കാത്തിരിക്കുന്നുവെന്നുമാണ് മറുപടി. സർക്കാർ അംഗീകൃത ഏജൻസികൾ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്. പ്രദേശത്ത് നേരത്തെ പകർച്ചപ്പനി ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കൂട്ടിച്ചേർത്തു.
Discussion about this post