തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായിനടന്ന അതിക്രമങ്ങൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എൽ.എ. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് അവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സർക്കാരിനുവേണ്ടി മന്ത്രി വീണാ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയും രമ വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നത് സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യമെന്ന് രമ പറഞ്ഞു. നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും രമ ഉപക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയപ്പോൾ മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
അരൂരിലെ ദളിത് പെൺകുട്ടിക്കുനേരെ നടന്ന അതിക്രമത്തിൽ പ്രതികൾ സി.പി.എമ്മുകാരായതിനാലാണ് അറസ്റ്റുചെയ്യാത്തത്. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗം പി.ജെ. ബേബി കലോത്സവ ഗ്രീൻ റൂമിൽവെച്ച് പെൺകുട്ടിക്കുനേരെ അതിക്രമം കാണിച്ചു. പെൺകുട്ടി പാർട്ടിക്ക് പരാതി നൽകി. നടപടി ഇല്ലാത്തതിനാൽ പോലീസിന് പരാതി നൽകി. പ്രതിയെ പാർട്ടി സംരക്ഷിക്കുകയാണ്. ഇത്തരം വിഷയങ്ങൾ കേരളത്തെ നാണിപ്പിക്കുന്നുവെന്നും അവർ ആരോപിച്ചു.
കാലടി ശ്രീശങ്കര കോളേജിലെ മുൻ എസ്.എഫ്.ഐ. നേതാവ് രോഹിത്ത് പെൺകുട്ടിയുടെ ഫോട്ടോ അശ്ലീല ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. പ്രതിയെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. ബ്രിജ് ഭൂഷൺ ഗുസ്തിതാരങ്ങൾക്കുനേരെ നടത്തിയ അതിക്രമങ്ങളെ വെല്ലുന്ന കാര്യങ്ങൾ കേരളത്തിൽ നടക്കുന്നു. കെ.സി.എ. കോച്ചിനെതിരായ പോക്‌സോ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. അന്ന് അയാൾക്കെതിരെ നടപടി എടുത്തില്ല. ഇന്നും ക്രിക്കറ്റ് അസോസിയേഷനിൽ തുടരുന്നു. ഇത്തരക്കാർക്ക് പാർട്ടിയിലും ഭരണനേതൃത്വത്തിലുമുള്ള സ്വാധീനമാണ് ഇത് കാണിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന നമ്പർ വൺ കേരളത്തിലാണ് ഇത് നടക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.
‘ഒരു കാലത്ത് എസ്.എഫ്.ഐ. ആയിരുന്ന ആളാണ് ഞാൻ. എസ്.എഫ്.ഐ. എന്ന നിലയിൽ അഭിമാനംകൊണ്ട ആളാണ്, ഇന്നും അത് പറയും. പക്ഷേ, ഇന്ന് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും പെൺകുട്ടിക്ക് നാളെ താൻ എസ്.എഫ്.ഐക്കാരിയായിരുന്നെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന സാഹചര്യമുണ്ടോ?’, രമ ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് പുറത്തുപോകുന്ന നാടായി കേരളം മാറി. ഹേമ കമ്മിഷൻ റിപ്പോർട്ട് നാലുവർഷമായി പുറത്തുവിട്ടിട്ടില്ല. ഐ.സി.യുവിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഒപ്പംനിന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വണ്ടിപ്പെരിയാറിലും വാളയാറിലും ഇരകൾക്ക് നീതികിട്ടിയില്ലെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
Discussion about this post