വിയന്ന: രണ്ടു ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിൽ എത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായി തലസ്ഥാനമായ വിയന്നയിൽ എത്തിയ മോദി ഓസ്ട്രിയ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലൻ, ചാൻസലർ കാൾ നെഹമർ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യ – ഓസ്ട്രിയ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനുമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടക്കും.
Landed in Vienna. This visit to Austria is a special one. Our nations are connected by shared values and a commitment to a better planet. Looking forward to the various programmes in Austria including talks with Chancellor @karlnehammer, interactions with the Indian community and… pic.twitter.com/PJaeOWVOm1
— Narendra Modi (@narendramodi) July 9, 2024
40 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ഇന്ദിര ഗാന്ധി ആണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. 1983ലായിരുന്നു സന്ദർശനം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വിയന്നയിലെ വിമാനത്താവളത്തിലെത്തിയ മോദിയെ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് സ്വീകരിച്ചു. പിന്നീട്, ഇന്ത്യക്കാരുമായി സംവദിച്ചു. വന്ദേമാതരം ആലപിച്ചാണ് ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റത്. ചാൻസലർ കാൾ നെഹാമറുമായി സ്വകാര്യ സംഭാഷണവും നടത്തി.
അതേസമയം ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, സുസ്ഥിരവികസനം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾ തമ്മിൽ ചർച്ച നടത്തും. പരസ്പര പ്രയോജനകരമായ വ്യാപാര – നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരുമായി മോദി സംവദിക്കും. ഓസ്ട്രിയയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംവദിക്കുന്നുണ്ട്.
ഓസ്ട്രിയ സന്ദർശനത്തിന് പ്രത്യേകതയുണ്ടെന്ന് മോദി എക്സിൽ കുറിച്ചു. ചാൻസലറുമായുള്ള ചർച്ചകൾ ഉൾപ്പെടെ ഓസ്ട്രിയയിലെ വിവിധ പരിപാടികൾക്കായി കാത്തിരിക്കുന്നുവെന്നും മോദി പറഞ്ഞു. മോദിക്ക് സ്വാഗതമോതിയ ചാൻസലർ കാൾ നെഹമർ താങ്കളെ ഓസ്ട്രിയയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് എക്സിൽ കുറിച്ചു. ഓസ്ട്രിയയും ഇന്ത്യയും സുഹൃത്തുക്കളും പങ്കാളികളുമാണ്. താങ്കളുടെ സന്ദർശന വേളയിൽ രാഷ്ട്രീയ സാമ്പത്തിക ചർച്ചകൾക്കായി കാത്തിരിക്കുന്നുവെന്നും നെഹമെർ പറഞ്ഞു.
Discussion about this post