തിരുവനന്തപുരം: ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി. തുറമുഖത്ത് നങ്കൂരമിടാനായി കരയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെയായിരുന്നു ടഗ്ഗുകളുടെ നേതൃത്വത്തിൽ വാട്ടർസല്യൂട്ട് നൽകിയത്. നേരത്തെ കരയടക്കുന്നതിന് മുമ്പായി തന്നെ സാൻ ഫെർണാൻഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു.
പൈലറ്റ് തുഷാർ നിത്കറും സഹപൈലറ്റ് സിബി ജോർജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. റഷ്യൻ സ്വദേശി ക്യാപ്റ്റൻ വോൾഡിമർബോണ്ട് ആരെങ്കോ യിൽ നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലിൽ കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 10 മണിയോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂറ്റൻ വടം ഉപയോഗിച്ച് കപ്പലിനെ ബർത്തിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനമാണ് മൂറിങ്. കപ്പൽ തീരംതൊടുമ്പോൾ മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തിച്ചേരും.
നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. 7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകൾ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്ക് ലൈൻ കപ്പൽ കമ്പനിയുടെ സാൻ ഫെർണാൻഡോ തുറമുഖത്ത് എത്തുന്നത്. ഇതിൽ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് തിരിക്കും.
നാളെയോടെ തന്നെ കണ്ടെയ്നറുകൾ കയറ്റാനുള്ള ഫീഡർ വെസലുകളും എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സംസ്ഥാന മന്ത്രിമാർ എന്നിവർ ചേർന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങിൽ അദാനി പോർട്സ് സിഇഒ കരൺ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്സ് അറിയിച്ചു.
Discussion about this post