കോപ്പാ അമേരിക്കയിൽ ഉറുഗ്വേയെ വീഴ്ത്തി കൊളംബിയക്ക് ഫൈനൽ സീറ്റ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിക്ക് ശേഷം 10 പേരായി ചുരുങ്ങിയിട്ടും കൊളംബിയയെ വീഴ്ത്താൻ ഉറുഗ്വേയ്ക്കായില്ല. ഫൈനലിൽ കരുത്തരായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.
3-4-3 ഫോർമേഷനിൽ ബൂട്ടണിഞ്ഞ ഉറുഗ്വേയെ 4-2-3-1 ഫോർമേഷനിലാണ് കൊളംബിയ നേരിട്ടത്. തുടക്കത്തിലേ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. വേഗത്തിൽ പന്തുമായി കുതിക്കാൻ കൊളംബിയൻ താരങ്ങൾക്ക് സാധിച്ചു. 11ാം മിനുട്ടിൽ ലൂയിസ് ഡിയാസ് മുന്നേറ്റത്തിനൊടുവിൽ ബോക്‌സിനുള്ളിൽ ജോൺ കോർഡോബക്ക് പാസ് നൽകിയെങ്കിലും അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാനായില്ല. 13ാം മിനുട്ടിൽ ഉറുഗ്വേയുടെ കുതിപ്പ്.
നിക്കോളാസ് ഡി ലാ ക്രൂസ് മാക്‌സിമില്ലിയാനോ അറൗജോയെ ലക്ഷ്യമിട്ട് പാസ് നൽകിയെങ്കിലും പന്തിന് വേഗം കൂടിപ്പോയതിനാൽ ഓടിപ്പിടിക്കാൻ അറൗജോയ്ക്കായില്ല. 15ാം മിനുട്ടിൽ കൊളംബിയക്ക് സുവർണ്ണാവസരം. വിങ്ങിൽ നിന്ന് മികച്ച ക്രോസ് ഡാനിയൽ മുനോസിന് ലഭിച്ചു. താരത്തിന്റെ ഹെഡർ പോസ്റ്റിന്റെ ഇടത് വശത്തിന് തൊട്ടടുത്തുകൂടിയാണ് കടന്ന് പോയത്. 17ാം മിനുട്ടിൽ ഉറുഗ്വേയ്ക്ക് അനുകൂലമായി സുവർണ്ണാവസരം.
ഇടത് വശത്ത് നിന്ന് ഫെഡറിക്കോ വാൽവെർഡേ നൽകിയ പാസിൽ നിന്ന് ഡ്രോവിൻ ന്യൂനസ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. 28ാം മിനുട്ടിൽ ഉറുഗ്വേയുടെ ന്യൂനസിന്റെ ബോക്‌സിന് തൊട്ടടുത്ത് നിന്നുള്ള ഷോട്ട് പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി. രണ്ട് ടീമും ആക്രമിച്ചാണ് മുന്നേറിയത്. 33ാം മിനുട്ടിൽ കൊളംബിയയുടെ ജോൺ കോർഡോബ ക്രോസിലൂടെ ജെയിംസ് റോഡ്രിഗസിലേക്ക് പന്തെത്തിക്കുന്നു. റോഡ്രിഗസിന്റെ ഹെഡർ പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി.
39ാം മിനുട്ടിൽ ഉറുഗ്വേയെ ഞെട്ടിച്ച് കൊളംബിയ ലീഡെടുത്തു. കോർണറിൽ നിന്ന് ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടത് വശത്തേക്ക് ഉയർത്തി നൽകിയ പന്തിനെ മനോഹരമായ ഹെഡ്ഡറിലൂടെ ജെഫേഴ്‌സൻ ലേർമ വലയിലാക്കി. ഇതോടെ കൊളംബിയ മുന്നിൽ. 44ാം മിനുട്ടിൽ കൊളംബിയക്ക് ലീഡുയർത്താൻ അവസരം. റിച്ചാർഡ് റിയോസിന്റെ വലത് വശത്തേക്കുള്ള ഷോട്ട് ഉറുഗ്വേ ഗോളി സെർജിയോ റോച്ചറ്റ് ഡൈവിങ്ങിലൂടെ സേവ് ചെയ്തു
45ാം മിനുട്ടിൽ കൊളംബിയയുടെ ഡാനിയൽ മുനൗസ് രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ പുറത്തുപോകേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-0ന്റെ ലീഡ് നിലനിർത്താൻ കൊളംബിയക്ക് സാധിച്ചു. ആദ്യ പകുതിയിൽ 54% പന്തടക്കത്തിൽ മുന്നിട്ട് നിൽക്കാനും 3നെതിരേ 7 ഗോൾ ശ്രമം നടത്താനും കൊളംബിയക്ക് സാധിച്ചു. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഉറുഗ്വേ ശ്രമിച്ചത്. 49ാം മിനുട്ടിൽ ഉറുഗ്വേയുടെ മാനുവൽ ഉഗാർട്ടേയുടെ ഷോട്ട് പുറത്തേക്ക് പോയി. 50ാം മിനുട്ടിൽ മാക്‌സിമില്ലിനായോ അറൗജോയുടെ ഷോട്ട് അലക്ഷ്യമായി പുറത്തേക്ക്. 52ാം മിനുട്ടിൽ ഉറുഗ്വേയുടെ ക്രിസ്റ്റ്യൻ ഒലിവേറ മാർക്ക് ചെയ്യാതെ നിന്നപ്പോൾ പാസ് നൽകാൻ ഉറുഗ്വേ താരങ്ങൾ ശ്രമിച്ചെങ്കിലും പ്രതിരോധ നിര ഷോട്ട് തടുത്തു. 63ാം മിനുട്ടിൽ കൊളംബിയയുടെ ലൂയിസ് ഡിയാസിന്റെ മുന്നേറ്റവും പ്രതിരോധ നിര തടുത്തു. കൊളംബിയ മുന്നേറ്റത്തോടൊപ്പം പ്രതിരോധവും ശക്തിപ്പെടുത്തിയതോടെ ഗോൾമടക്കാനാവാതെ ഉറുഗ്വേ വിയർത്തു. 80ാം മിനുട്ടിൽ ബോക്‌സിനുള്ളിൽ ലഭിച്ച പന്തിനെ ഷോട്ട് തൊടുക്കാനുള്ള ജോസ് മരിയ ജിമിനസിന്റെ ശ്രമം കാമിയോ വർഗാസ് തട്ടിയകറ്റി. അവസാന സമയത്തും ഉറുഗ്വേയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ കൊളംബിയ ഫൈനൽ ടിക്കറ്റ് നേടി.
Discussion about this post