കൊച്ചി: കാലടി ശ്രീ ശങ്കര കോളേജിലെ പൂർവ്വ വിദ്യാർഥിയും ഫോട്ടോഗ്രാഫറുമായ കാലടി മാടശ്ശേരി സ്വദേശിയായ എസ് രോഹിത്തിനെതിരെ പോക്സോ കേസ്. കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് രോഹിത്തിനെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഇപ്പോൾ പോക്സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്. പോക്സോയും ഐടി ആക്റ്റിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
വിദ്യാർഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. സമാനമായി ഇരുപതിലേറെ പെൺകുട്ടികളുടെ ചിത്രം രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. അതിനാലാണ് പോക്സോ കേസ് ചുമത്തിയത്.
പഠനം പൂർത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത് മിക്കവാറും ദിവസങ്ങളിൽ കോളേജിലെത്തിയിരുന്നു. വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഫോണുകൾ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. രോഹിത് മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് കെഎസ്യു ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നിഷേധിച്ചിരുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകനായിരുന്നു പ്രതി എന്ന് തെളിയിക്കുന്ന തെളിവുകളഉം പുറത്ത് വന്നിരുന്നു.
Discussion about this post