കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നതായി റിപ്പോർട്ട്. സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.
യുജിസി റെഗുലേഷനിൽ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത്‌ലറ്റിക്സ് വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 2022ലെ താൽകാലിക നിയമനം ഇതുവരെ റദ്ദാക്കിയിട്ടില്ല. എസ് ടി വിഭാഗത്തിന് നൽകേണ്ട നിയമനത്തിൽ ജനറൽ വിഭാഗത്തില്ലുള്ളവരെയാണ് നിലവിൽ പരിഗണിച്ചിട്ടുളളത്.
2019-ൽ 116 അധ്യാപകരെ നിയമിച്ചത് സംവരണ നിയമങ്ങൾ ലംഘിച്ചിട്ടാണെന്നും റൊട്ടേഷൻ വീണ്ടും തയ്യാറാക്കി അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും സർവ്വകലാശാല ഇതേ തുടർന്ന് ഒരു നടപടിയുമെടുത്തിട്ടില്ല.
കാലിക്കറ്റ് സർവ്വകലാശാലയ്ക്കെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സമയത്താണ് അനധികൃത അധ്യാപക തസ്തിക നിയമനം നടന്ന വാർത്തയും പുറത്ത് വരുന്നത്.

