കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ കണ്ടത്.
ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികൾ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടൻ പഞ്ചായത്ത് പ്രസിഡൻറിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
17 മുത്തുമണികൾ, 13 സ്വർണ്ണപതക്കങ്ങൾ, കാശിമാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
Discussion about this post