മാംസാഹാരം ഏറെക്കുറെ നിഷിദ്ധമായിരുന്ന കേരള കലാമണ്ഡലം ക്യാമ്പസിൽ ചരിത്രത്തിലാദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. 1930ൽ സ്ഥാപിതമായ കലാമണ്ഡലം ആദ്യകാലം മുതലേ സസ്യാഹാരത്തിന് ഊന്നൽ നൽകിയ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് പിന്തുടർന്നത്. എന്നാൽ പഠനരീതികളിലടക്കം കാലോചിതമായി സംഭവിച്ച മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ഭക്ഷണ മെനുവിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
ബുധനാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിച്ച ചിക്കൻ ബിരിയാണി കാന്റീനിൽ വിളമ്പിയതോടെ ചരിത്രം വഴിമാറി. എന്നാൽ ഉഴിച്ചിലും പിഴിച്ചിലും അടക്കമുള്ള ചികിത്സക്ക് വിധേയമാകുമ്പോൾ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അധ്യാപകർ ഈ നീക്കത്തിനെതിരെ രംഗത്തെത്തി.
എഴുതപ്പെടാത്ത നിയമം പോലെയാണ് ക്യാമ്പസിൽ സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഭക്ഷണത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടുത്തുന്നത് ‘ഉഴിച്ചിൽ’, ‘പിഴിച്ചിൽ’ തുടങ്ങിയ ഓയിൽ തെറാപ്പിക്ക് വിധേയരായ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു.
Discussion about this post