ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്‌ക്കും. ആഗസ്‌ത് 12 വരെയാണ് സമ്മേളനം. നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്.
ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചു. നടപടികളുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
കർവാർ യാത്ര, നീറ്റ് ചോദ്യപേപ്പർ ചോർച്ച, കശ്‌മീർ, മണിപ്പുർ, അഗ്നിപഥ്, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പ്രതിപക്ഷത്തിന് പുറമെ ഘടകക്ഷികളുടെ ആവശ്യങ്ങളും മോദി സർക്കാരിന് പരിഗണിക്കേണ്ടതായിട്ടുണ്ട്. ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യവുമായി എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ടിഡിപിയും രംഗത്തുണ്ട്.
മൂന്നാം മോദി സർക്കാരിലും ധനമന്ത്രിയായി ചുമതലയേറ്റെടുത്ത നിർമല സീതാരാമൻ നാളെ രാവിലെ 11 മണിക്കാണ് മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിക്കുക. 2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിലെത്തും.
വിവിധ സാമ്പത്തിക മേഖലകളുടെ പ്രകടനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ടാകും. ബജറ്റ് ചർച്ച ഇത്തവണ തീപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി വിവാദ വിഷയങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പുതിയ എംപിമാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ സമ്മേളനത്തിൽ പല വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ബജറ്റ് ചർച്ചയിൽ ഇവയെല്ലാം ചർച്ചാ വിഷയമായേക്കും.
Discussion about this post