റെക്കോർഡ് ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് മംഗൾഗിരി സിൽക്ക് സാരിയിൽ. വെള്ള സിൽക്കിൽ മജന്ത മുന്താണിയും മുന്താണിയിലും ബോർഡറിലും ഗോൾഡൻ വർക്കുമാണുള്ളത്. സാരിയിലാകെ ബീയ്ജ് സ്ട്രിപുകളും നിറഞ്ഞതാണ് സാരി.
സാരിയുടെ ബോഡി പാർട്ടിലെങ്ങും നെയ്ത ഡിസൈനുകളുണ്ടാവില്ലെന്നതാണ് സാധാരണയായുള്ള മംഗൾഗിരി സാരികളുടെ പ്രത്യേകത. ആദ്യ ബജറ്റ് അവതരണത്തിനും നിർമല മംഗൾഗിരി സാരി തന്നെയാണ് തിരഞ്ഞെടുത്തത്. കടും പിങ്കിൽ ഗോൾഡൻ ബോർഡറുള്ളതായിരുന്നു 2019ലെ ബജറ്റ് അവതരണത്തിന് ഉടുത്തത്. കുഴിത്തറിയിൽ സങ്കീർണമായ പ്രക്രിയയിലൂടെ നെയ്തെടുക്കുന്ന സാരിക്ക് 1999ൽ ജി.ഐ മാർക്ക് ലഭിച്ചിട്ടുണ്ട്.
ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രിയെത്തിയതാവട്ടെ പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയിൽ. സ്വദേശി വസ്ത്രത്തിൻറെ ആഢ്യത്വം തുളുമ്പുന്ന സാരിയിൽ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേർത്തിരുന്നത്. രാജ്യത്തെ മൽസ്യബന്ധന മേഖലയിലെ പുരോഗതിയെയും മൽസ്യമേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്ന് ന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. 2,584 കോടിരൂപയാണ് 2024–25 സാമ്പത്തിക വർഷത്തേക്ക് മൽസ്യമേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെക്കാൾ 15ശതമാനം കൂടുതലാണിത്. ബജറ്റിന് പിന്നാലെ ടസറിലുള്ള കാന്താ വർക്കിൻറെ ജനപ്രീതിയും കുതിച്ചുയർന്നു.
2023ൽ കർണാടകയിലെ ദർവാഡിൽ നിന്നെത്തിച്ച പരമ്പരാഗത ടെമ്പിൾ ബോർഡറുള്ള ചുവപ്പ് സാരിയാണ് ധനമന്ത്രി ധരിച്ചത്. കൈകൊണ്ട് നെയ്തെടുത്തതായിരുന്നു സാരി. കസുതി വർക്കിലാകെ രഥങ്ങളും മയിലുകളും താമരയും നിറഞ്ഞിരുന്നു.
2022 ൽ ഒഡിഷയിലെ ഗഞ്ചാമിൽ നിന്നുള്ള ബ്രൗൺ ബൊമകായ് സാരിയാണ് നിർമല തിരഞ്ഞെടുത്തത്. ഗഞ്ചാമിലെ കൈത്തറിത്തൊഴിലാളികൾക്കുള്ള ആദരം കൂടിയായി അത് ബജറ്റിലെ സ്റ്റൈൽ മാറി.
2021 ൽ ഹൈദരാബാദിലെ പോച്ചംപള്ളിയിൽ നെയ്തെടുത്ത ഓഫ് വൈറ്റ് സാരിയിലായിരുന്നു ബജറ്റ് അവതരണം. 2020ൽ മഞ്ഞ സിൽക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം. അതേ നിറത്തിലെ തന്നെ ബ്ലൗസും. രാജ്യത്തിൻറെ പ്രൗഢമായ സംസ്കാരത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്നതായിരുന്നു മഞ്ഞ നിറം.
Discussion about this post