മലയാള സിനിമാലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നു സർക്കാർ പുറത്തുവിടും. മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്നു കണ്ടെത്തിയ 62 പേജ് ഒഴിവാക്കിയാണ് പുറത്തു വിടുന്നത്. വിവരാവകാശ കമ്മിഷൻ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു.
അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങൾ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവർ കമ്മിഷനു മുന്നിൽ മൊഴി നൽകിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും , അതുകൊണ്ടു തന്നെ സർക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോർട് കൈമാറുമ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോടും നിർദേശിച്ചിരുന്നു.
പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹാരമാർഗങ്ങൾ നിർദേശിക്കാനായി മൊഴികൾ ഒപ്പം ചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി ഒഴിവാക്കുമ്പോൾ പേജുകളിലെ ഖണ്ഡിക മാത്രമായും ഒഴിവാക്കുന്നുണ്ട്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയിൽ വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിഷനെ നിയോഗിച്ചത്.
Discussion about this post