ചെന്നൈ: കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരതുകൾ രാജ്യത്തെ ട്രെയിൻ യാത്രക്കാരിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. വഴിയിൽ പിടിച്ചിടാതെ, കൃത്യസമയം പാലിച്ച് മറ്റു ട്രെയിനുകളേക്കാൾ മണിക്കൂറുകൾ മുന്നേ യാത്ര പൂർത്തിയാക്കാമെന്നതിനാൽ വന്ദേ ഭാരതുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കേരളത്തിൽ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായാണ് വന്ദേ ഭാരത് എക്സ്പ്രസുകൾ ഓരോ സർവീസും പൂർത്തിയാക്കുന്നത്. പലപ്പോഴും വന്ദേ ഭാരതിൽ ടിക്കറ്റ് കിട്ടാത്ത പ്രശ്നമാണ് യാത്രക്കാർ ഉയർത്തിക്കാട്ടാറുള്ളത്. എന്നാൽ വന്ദേ ഭാരതുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരതുകൾ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും, 16 കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് ഓരോ റൂട്ടിലേക്കും ഏത് റേക്ക് വേണമെന്ന് റെയിൽവേ ബോർഡ് തീരുമാനിക്കുന്നത്. എട്ട് കോച്ചുകളുമായി സർവീസ് തുടങ്ങിയ റൂട്ടുകളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അവ പിൻവലിച്ച് 16 കോച്ചുകളുള്ള വന്ദേ ഭാരത് കൊണ്ടുവന്നിരുന്നു. എന്നിട്ടും പല റൂട്ടുകളിലും യാത്രക്കാരുടെ തിരക്ക് കൂടുതലാണ്.
ഐസിഎഫിൽ നിന്ന് അഞ്ച് വന്ദേ ഭാരത് റേക്കുകൾ പുറത്തിറങ്ങാൻ തയ്യാറായെന്ന വിവരം പങ്കുവെക്കവെയാണ് ഐസിഎഫ് ഉദ്യോഗസ്ഥൻ ഇക്കാര്യം പരസ്യമാക്കിയത്. നേരത്തെ തന്നെ 20 കോച്ചുകളുള്ള വന്ദേ ഭാരത് പുറത്തിറക്കാൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈകാതെ തന്നെ ഇത്തരം വന്ദേ ഭാരതുകൾ ട്രാക്കുകൾ കീഴടക്കാൻ എത്തുമെന്നാണ് ഐസിഎഫ് ഉദ്യോഗസ്ഥൻറെ വാക്കുകൾ നൽകുന്ന സൂചന.
പുതിയ വന്ദേ ഭാരതുകൾ എത്തുന്നതോടെ സീറ്റുകളുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടാകും. നിലവിൽ വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ കൂടുതൽ കോച്ചുകളുമായി എത്തുന്ന ട്രെയിനുകൾക്ക് കഴിഞ്ഞേക്കും. നീളമേറിയ റേക്കുകളുമായി എത്തുന്ന വന്ദേ ഭാരതുകൾ ട്രാക്കിലിറങ്ങുമ്പോൾ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലേക്കും ഇവയെത്തുമോയെന്ന് കാത്തിരുന്ന് കാണണം.
Discussion about this post