കെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ടിന് അംഗീകാരം ലഭിക്കാനുള്ള പരിശോധന എന്നിവയുടെ ഫീസിൽ കഴിഞ്ഞ വർഷം വരുത്തിയ വർധന വിമർശനങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ തിരുത്തിയത്. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനാണ് ഫീസ് വർധിപ്പിച്ചതെന്നും ഇതിൽ നിന്നും ഒരു വിഹിതം പോലും സംസ്ഥാന സർക്കാർ എടുക്കാറില്ലെന്നുമാണ് മന്ത്രി എം.ബി രാജേഷിന്റെ വിശദീകരണം. എന്നാൽ അടിസ്ഥാന വിഭാഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയ തീരുമാനം തിരുത്തണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
അതേസമയം, ഫീസ് കുറയ്ക്കുന്ന തീരുമാനത്തിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടെന്നും ഈകാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക് അധികതുക തിരിച്ചുനൽകുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി കെ.സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.സ് വഴിയും ഓൺലൈനായി അപേക്ഷിക്കാൻ ഉടൻ സൗകര്യമൊരുക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓൺലൈനായി ലഭ്യമാക്കാനാണ് ആലോചന. ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവും ഓൺലൈൻ സംവിധാനവും ഉടനുണ്ടാകും. അതിന് ശേഷം റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർക്കൊക്കെ തിരിച്ചു കിട്ടും
ഫീസ് വർധന നടപ്പിലാക്കിയ 2023 ഏപ്രിൽ 10 മുതൽ പുതിയ തീരുമാനത്തിന് മുൻകാല പ്രാബല്യം നൽകിയതോടെ അധിക തുക അടച്ച എല്ലാവർക്കും പണം തിരികെ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കേണ്ടത് എപ്പോഴാണെന്ന് സർക്കാർ അറിയിച്ചില്ല. തദ്ദേശസ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇവർക്ക് ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ഇതുവരെ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. അധികം വൈകാതെ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ആദ്യമടച്ചാൽ റിബേറ്റ്
തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ അഞ്ച് ശതമാനം റിബേറ്റും സർക്കാർ അനുവദിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

