അങ്കാറ: തടവിൽ മരിച്ച യുക്രൈനിയൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിറ്റതായി ആരോപണം. റഷ്യ വിട്ടുനൽകിയ പല യുക്രൈനിയൻ സൈനികരുടെ മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്.
ഫ്രീഡം ടു ഡിഫൻഡേഴ്‌സ് ഓഫ് മരിയുപോൾ ഗ്രൂപ്പിൻ്റെ മേധാവി ലാറിസ സലേവയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുർക്കിയിലെ അങ്കാറയിൽ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
റഷ്യയുടെ തടങ്കലിൽ കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങൾ പലപ്പോഴും വിട്ടുകിട്ടുമ്പോൾ അവരനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ തെളിവുകൾ ആ മൃതദേഹങ്ങളിൽ പ്രകടമായിരുന്നു. എന്നാൽ പീഡിപ്പിക്കപ്പെട്ട മൃതദേഹങ്ങൾ മാത്രമല്ല ഞങ്ങൾക്കിപ്പോൾ ലഭിക്കുന്നത്, അവയവങ്ങൾ നഷ്ടപ്പെട്ട ശരീരങ്ങളാണ് റഷ്യ വിട്ടുനൽകുന്നതെന്നും അവർ പറഞ്ഞു.
യുക്രൈനിയൻ യുദ്ധത്തടവുകാരെ ലക്ഷ്യം വെച്ച് റഷ്യയിൽ വൻ അവയവമാഫിയ പ്രവർത്തിക്കുന്നതായും അവർ ആരോപിച്ചു. ഈ കുറ്റകൃത്യത്തിന് തടയിടാൻ ലോകമെമ്പാടും ഇതിനെപറ്റി ഉറക്കെ സംസാരിക്കുമെന്നും അവർ പറഞ്ഞു.
റഷ്യയിൽ തടവിലുള്ള സൈനികരുടെ ആരോഗ്യം നിരീക്ഷിക്കാൻ ഒരു സ്വതന്ത്ര മെഡിക്കൽ കമ്മീഷൻ രൂപീകരിക്കുന്നതിന് പിന്തുണ നൽകണമെന്ന് സലേവ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനോട് അഭ്യർത്ഥിച്ചു. യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നതടക്കമുള്ള എല്ലാ മാനുഷ്യാവകാശ പ്രശ്നങ്ങളും പരിഹരിക്കാൻ തുർക്കി മേൽനോട്ടം വഹിക്കണമെന്നും അവർ പറഞ്ഞു. ജനീവ കൺവെൻഷനുകളും മനുഷ്യാവകാശ നിയമങ്ങളുമെല്ലാം റഷ്യ ലംഘിച്ചുവെന്നും അവർ ആരോപിച്ചു.
എന്നാൽ അവയവ വ്യാപാരം സംബന്ധിച്ച ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. തങ്ങളുടെ സൈന്യത്തെ ലോകത്തിന് മുന്നിൽ പൈശാചിക വത്കരിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റഷ്യയുടെ ആരോപണം. പതിനായിരത്തിലധികം യുക്രൈനിയക്കാർ ഇപ്പോഴും റഷ്യയുടെ തടവിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2022 ഫെബ്രുവരിയിലാണ് യുക്രൈൻ -റഷ്യ യുദ്ധം ആരംഭിച്ചത്.
Discussion about this post