വാഷിങ്ടൻ : ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് തിരികയെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇരുവരും തിരികെയെത്തുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് നാസ വ്യക്തമാക്കി. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാക്കുന്നത്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയുമാണു യാത്ര വൈകാൻ കാരണം. ഒരു മാസമായി അനിശ്ചിതത്വം തുടരുകയാണ്. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര പലതവണ നീട്ടിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകത്തിലെ സങ്കീർണതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പുതിയ മടക്കത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അഭിപ്രായപ്പെട്ടു. ബദൽ പദ്ധതികൾ അവലോകനം ചെയ്യുന്നുണ്ടെന്നും സ്റ്റിച്ച് സൂചിപ്പിച്ചു.
ഡോക്കിങ് സമയത്ത് സംഭവിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ ന്യൂ മെക്സിക്കോയിലെ എൻജിനീയർമാർ സ്പെയർ ത്രസ്റ്ററിൽ പരിശോധന പൂർത്തിയാക്കി. ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. അതിനുശേഷം 4 ത്രസ്റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ഈ ആഴ്‌ച ബഹിരാകാശ നിലയത്തിൽ പേടകം ഡോക്ക് ചെയ്യുമ്പോൾ ത്രസ്റ്ററുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്നു ബോയിങ്കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ മാർക്ക് നാപ്പി പറഞ്ഞു
Discussion about this post