തിരുവനന്തപുരം: വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത രൂക്ഷം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തർക്കം മുറുകുന്നു. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വി ഡി സതീശൻ സൂപ്പർ പ്രസിഡൻറ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്.
വി ഡി സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് കെ സുധാകരനും പ്രതികരിച്ചത്. അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാമെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പേര് പരാമർശിക്കാതെയാണ് സുധാകരൻ രംഗത്തെത്തിയതെങ്കിലും ഇത് വി ഡി സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തർക്കം കൂടുതൽ പരസ്യമായി.
താൻ വിമർശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നുമാണ് വി ഡി സതീശൻ പ്രതികരിച്ചത്. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതിൽ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിലെ വിമർശനങ്ങൾ ഏകപക്ഷീയമെന്നാണ് ആക്ഷേപം. ഇതിനിടെ തിരുവനന്തപുരം ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്നും വിഡി സതീശൻ വിട്ടു നിൽക്കുകയും ചെയ്തു. ഇന്ന് ചേരുന്ന കോട്ടയം ജില്ലയുടെ മിഷൻ പരിപാടിയിലും വി ഡി സതീശൻ പങ്കെടുത്തേക്കില്ല. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മിഷൻ 2025 ൽ നിന്നും വി ഡി സതീശൻ പൂർണ്ണമായും വിട്ടുനിന്നേക്കും.
നേരത്തെ വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിൽ കെ സുധാകരനെതിരെ വി ഡി സതീശൻ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി യോഗത്തിൽ വി ഡി സതീശനെതിരെ വിമർശനം. ഇരുവരും തമ്മിലുള്ള ഭിന്നത മൂർച്ചിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് മുതിർന്ന നേതാക്കൾ ഇടപെട്ടേക്കുമെന്നാണ് സൂചന. സതീശൻ സംഘടനാ കാര്യങ്ങളിൽ ഇടപെടുന്നുവന്ന പരാതി ചർച്ച ചെയ്യാൻ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചതിൽ വി ഡി സതീശൻ ക്യാമ്പിലും അതൃപ്തിയുണ്ട്.
Discussion about this post