ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ശനിയാഴ്ച പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുന്നതിനിടെയാണിത്.
മൂന്ന് ദിവസത്തിനിടെ കുപ്വാരയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കുപ്വാരയിലെ കംകാരി മേഖലയിൽ ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള വിവരത്തെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ജൂലൈ 24 ന് കുപ്വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.
40 മുതൽ 50 വരെ പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ മുകൾ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ വൻതോതിലുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സൈന്യം തീരുമാനിച്ചു.
Discussion about this post