കർണാടകയിലെ ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രെെവർ അർജുനായുള്ള തിരച്ചിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതാ പ്രവചനത്തെ തുടർന്നാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം.
അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിൻ്റെ ഓപ്പറേറ്റർ സംഘം ഉടൻ ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്.
കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ്, നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഇവർ പോകുന്നത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്.
കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്.
ഇതിനിടെ, അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തിരച്ചിൽ നിർത്തരുതെന്ന് സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.
Discussion about this post