ചെന്നൈ, കൊച്ചി മെട്രോ ട്രെയിൻ ടിക്കറ്റുകൾ നേരിട്ടെടുക്കാൻ സാധിക്കുന്നതടക്കമുള്ള നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്. ഫ്‌ളൈഓവറുകൾ, ഇടുങ്ങിയ റോഡുകൾ എന്നിവ തിരിച്ചറിയാനും ഇരുചക്ര വാഹനങ്ങൾക്കുള്ള ഇലക്ട്രിക്ക് ചാർജിംഗ് സ്‌റ്റേഷനുകൾ കണ്ടെത്താനുമുള്ള സംവിധാനവും പുതുതായി ഏർപ്പെടുത്തി. ഇന്ത്യയിലാണ് ആദ്യമായി ഇത് നടപ്പിലാക്കുന്നത്. നേരത്തെ കൊച്ചി മെട്രോ ടിക്കറ്റുകൾ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
കൊച്ചി മെട്രോ ടിക്കറ്റ്
രാജ്യത്ത് ഡിജിറ്റലൈസ് ചെയ്ത യാത്രാ സൗകര്യം എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയതെന്ന് ഗൂഗിൾ പറയുന്നു. സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് മൊബിലിറ്റി ആപ്പായ നമ്മ യാത്രി എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച മുതൽ ഉപയോക്താക്കൾക്ക് സേവനം ഉപയോഗിച്ചുതുടങ്ങാം. ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ കൊച്ചി മെട്രോയുടെ ടിക്കറ്റെടുക്കാവുന്ന തരത്തിലാണ് സംവിധാനം. ഇതുവഴി മെട്രോ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാം.
ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകൾ അറിയാം
ഫ്‌ളൈ ഓവറുകൾ, ഇടുങ്ങിയ റോഡുകൾ എന്നിവ നേരത്തെ അറിയുന്നതിന് നിർമിത ബുദ്ധിയുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനവും മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇരുചക്ര വാഹനങ്ങൾക്കായുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്‌റ്റേഷനുകളും മാപ്പിൽ അറിയാൻ പറ്റും. ഇതിനായി ഇലക്ട്രിക്‌പേ, ഏതർ, കസാം, സ്റ്റാറ്റിക് തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തി. അടുത്ത അപ്‌ഡേറ്റിൽ നാലുചക്ര വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ചാർജിംഗ് സ്ലോട്ടുകളുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളും അറിയാൻ കഴിയും. ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
Discussion about this post