വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അപകടം നടന്നയുടൻ തന്നെ പ്രധാനമന്ത്രി മോദി രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനാവശ്യമായ എല്ലാവിധ സഹായങ്ങളും കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകും. കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധി ഉടൻ വയനാട്ടിലേക്ക് പോകും.
രക്ഷാപ്രവർത്തനങ്ങൾക്ക് കരസേനയും, നാവികസേനയും, വ്യോമസേനയും പുറപ്പെട്ടു
കണ്ണൂർ കന്റോൺമെന്റിൽ നിന്നും കരസേനയുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതിൽ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്.
രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവരെ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യും; വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ എത്തും; മന്ത്രിസംഘവും എത്തും
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ഏയർ ലിഫ്റ്റ് ചെയ്യാൻ വ്യോമസേനയും രണ്ട് ഹെലികോപ്റ്റുകൾ വയനാട്ടിൽ ഉടൻ എത്തും. പക്ഷേ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ അനുകൂലമായ കാലാവസ്ഥയല്ല നിലവിൽ ഈ പ്രദേശങ്ങളിലുള്ളത്.
എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും.
പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിലുണ്ട്.
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക.
ഏഴിമലയിൽ നിന്നും റിവർ റെസ്ക്യൂ സംഘവും പുറപ്പെട്ടിട്ടുണ്ട്
Discussion about this post