വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നൽകി സന്നദ്ധപ്രവർത്തകരും കൂടെയുണ്ട്.
തിരിച്ചറിയാതെ 21 മൃതദേഹങ്ങൾ മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കും.
നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ. ആരോഗ്യവകുപ്പിന്റെ ആളുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും അവരുമായി സംസാരിച്ചിരുന്നു. അവർ ഭക്ഷണം കഴിച്ച് മാനസ്സികാരോഗ്യത്തോടെ രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയാണ്. സംഘം ആദ്യം അങ്ങോട്ടേക്കാണ് പോകുക.
ബെയ്ലി പാലം നിർമ്മിക്കും
മഡ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളിൽ കരമാർഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാർഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയ്ലി പാലം ആവശ്യമാണ്.
ഇന്നലെ രാത്രി മഴ കുറവായതിനാൽ ഒഴുക്ക് കുറഞ്ഞാൽ അതുവഴി കടക്കാമോ എന്ന് നോക്കുന്നുണ്ട്. യന്ത്രങ്ങൾ മറ്റ് വഴികളിലൂടെ കൊണ്ടുപോകാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

