ധാക്ക: ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ ക്രിക്കറ്റ് ടീം മുൻ നായകൻ മുഷ്‌റഫെ മൊർതാസയുടെ വീട് തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. മൊർതാസയുടെ നരെയ്‌ലിലെ വീടാണ് ആക്രമണത്തിനിരയായത്. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് മൊർതാസ.
ഖുൽന ഡിവിഷനിലെ നരെയിൽ-2 മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് മൊർതാസ. ഈ വർഷം ആദ്യം ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി തുടർച്ചയായി രണ്ടാം തവണയും വിജയിച്ചിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് മൊർതാസയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികൾ മൊർതാസയുടെ വീടിന് തീയിടുന്ന ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകം ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടിരിക്കുകയാണ്. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

