മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും നാവിൻതുമ്പത്ത് തങ്ങി നിന്നത് കണ്മണി അൻപോട് എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആയിരുന്നു.
1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ ‘ഗുണ’ യ്ക്ക് വേണ്ടി ഇളയരാജ ഈണം നൽകിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉപയോഗിച്ചതോടെ കൂടുതൽ കയ്യടി നേടി ഇത് വീണ്ടും വൈറലായി മാറുകയായിരുന്നു.
എന്നാൽ മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിന് എതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാദം ഒത്തുതീർപ്പാക്കി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാണ് ഇളയരാജ ആരോപിച്ചത്. ചിത്രം വമ്പൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു ഈ ഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
രണ്ട് കോടി രൂപയാണ് ഇതിനു നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2024 ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ചിത്രം ഏകദേശം 242 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയത്.
Discussion about this post