ഓൺലൈൻ സെർച്ചിലും അനുബന്ധ പരസ്യങ്ങളിലും തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഗൂഗിൾ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് യുഎസ് കോടതി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനേറ്റ കനത്ത തിരിച്ചടിയായാണ് വിധിയെ കണക്കാക്കുന്നത്.
ഓൺലൈൻ സെർച്ചിന്റെ 90 ശതമാനം നിയന്ത്രണം കൈയടിക്കിയതിന് 2020ലാണ് യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരെ കേസെടുക്കുന്നത്. ഗൂഗിളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കേസായി ഇത് മാറിയേക്കുമെന്ന വിലയിരുത്തലുകൾ പോലും ഉണ്ടായിരുന്നു.
വിധിയെ തുടർന്ന് ഗൂഗിളിനേയും ആൽഫബെറ്റിനേയും എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതിൽ വ്യക്തതയില്ല. പിഴയിലും മറ്റ് കാര്യങ്ങളിലും അടുത്ത ഹിയറിങ്ങിലായിരിക്കും കൂടുതൽ വ്യക്തതയുണ്ടാകുക. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും തങ്ങളുടെ സെർച്ച് എഞ്ചിന് മുൻഗണന ലഭിക്കുന്നത് ഉറപ്പാക്കാൻ ഗൂഗിൾ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് യുഎസ് ജില്ല ജഡ്‌ജി അമിത് മേത്ത പറയുന്നത്.
ഗൂഗിൾ ഒരു കുത്തകയാണ്, കുത്തക നിലനിർത്താനായി അവർ പ്രവർത്തിക്കുകയും ചെയ്തെന്ന് 277 പേജുകളടങ്ങുന്ന വിധിയിൽ അമിത് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാനാണ് ആൽഫബെറ്റിന്റെ തീരുമാനം. ഗൂഗിളാണ് ഏറ്റവും മികച്ച സെർച്ച് എഞ്ജിൻ നൽകുന്നതെന്നതിന്റെ തെളിവുകൂടിയാണ് വിധി. പക്ഷേ, അത് എളുപ്പത്തിൽ ലഭ്യമാക്കാൻ അനുവദിക്കില്ല എന്നതാണ് വിധി വ്യക്തമാക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമേരിക്കൻ ജനതയുടെ ചരിത്ര വിജയമാണ് വിധിയെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലാൻഡ് പറഞ്ഞു. രാജ്യത്തെ മുൻനിര പ്രോസിക്യൂട്ടറാണ് മെറിക്ക്. ഒരു കമ്പനിയും നിയമത്തിന് മുകളിലല്ലെന്നും മെറിക്ക് വ്യക്തമാക്കി.
10 വാരം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. ആപ്പിൾ, സാംസങ്, മൊസില്ല എന്നീ കമ്പനികൾക്ക് കോടികൾ ഗൂഗിൾ കൊടുത്തതായാണ് ആരോപണം. ഡീഫോൾട്ട് സെർച്ച് എഞ്ജിനായി നൽകുന്നതിന് ഗൂഗിൾ പ്രതിവർഷം 10 ബില്യൺ യുഎസ് ഡോളർ നൽകുന്നതായും പ്രോസിക്യൂട്ടർ വാദിച്ചു.
ഗൂഗിൾ ഇത്രയും പണം ചെലവാക്കുന്നതിനാൽ മറ്റ് കമ്പനികൾക്ക് മത്സരിക്കാൻ പോലും സാധിക്കുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. കമ്പനിയുടെ പ്രധാന വരുമാന ശ്രോതസുകളിലൊന്നാണ് ഗൂഗിൾ സെർച്ച് എഞ്ജിൻ. ഉപയോക്താക്കൾ പരിഗണന നൽകുന്നത് തങ്ങളുടെ സെർച്ച് എഞ്ജിനാണെന്ന് ഗൂഗിളും വാദിച്ചു.
യൂറോപ്പിൽ ഇത്തരം കേസുകളിൽ ഗൂഗിളിന് വൻ തുക പിഴയടക്കേണ്ടതായി വന്നിട്ടുണ്ട്.
Discussion about this post