ബംഗ്ലദേശിലെ കലാപത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഭാവി പരിപാടികൾ തീരുമാനിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ബംഗ്ലദേശ് സൈന്യവുമായും രാജ്യം ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിലവിലെ സാഹചര്യത്തെ തുടർന്ന് ബംഗ്ലദേശ് അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കലാപം രൂക്ഷമായ ബംഗ്ലദേശിൽ മരണം 300 കടന്നു. രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ പാർലമെൻറും ഷെയ്ഖ് ഹസീനയുടെ വസതിയും പ്രതിഷേധക്കാർ കയ്യേറി. ഷേർപ്പുർ ജയിൽ തകർത്ത് അഞ്ഞൂറിലേറെ തടവുകാരെ മോചിപ്പിച്ചു. സർക്കാർ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുൽനയിൽ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.
ഇടക്കാല സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബംഗ്ലദേശിൽ പുരോഗമിക്കുകയാണ്. തടവിൽ കഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് ഖാലിദ സിയയെ മോചിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ പിൻമുറക്കാർക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണമെന്ന വിധിയെ തുടർന്നായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സുപ്രീംകോടതി 5 ശതമാനം മാത്രമാക്കി ചുരുക്കി.
ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെ എല്ലാ എൻഡിഎ സഖ്യകക്ഷികളും മിക്ക പ്രതിപക്ഷ പാർട്ടികളും സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു.
Discussion about this post