മൂവാറ്റുപ്പുഴ: സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് തിളച്ച ചായ നൽകി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മൂവാറ്റുപുഴ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നടപടി.
പൂമാല – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ.എം.എസ് ബസിൽ നിന്നുമാണ് കഴിഞ്ഞദിവസം മുടവൂർ സ്വദേശി അർജുൻ എന്ന വിദ്യാർത്ഥി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ബസിൽ നിന്നും തെറിച്ചു വീണത്. എന്നാൽ കുട്ടിയുടെ അശ്രദ്ധ കൊണ്ടാണ് വീണതെന്നും പരാതിയുണ്ട്.
ബസ് അമിതവേഗത്തിൽ പോയി എന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ നടുറോഡിൽ ബസ്സ് ഡ്രൈവർക്കും കണ്ടക്റ്റർക്കുമെതിരെ നിയമം കയ്യിലെടുത്തത്.
ഇന്നലെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടഞ്ഞുനിർത്തുകയും ഡ്രൈവറെ പുറത്തിറക്കി സ്റ്റീൽ ഗ്ലാസിൽ പകർന്നു നൽകിയ തിളച്ചവെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. അതിക്രമം ചോദ്യം ചെയ്ത കണ്ടക്ടർക്കും തിളച്ച വെള്ളം നൽകി നിർബന്ധമായും കുടിപ്പിക്കാൻ ശ്രമമുണ്ടായി.
മാധ്യമ പ്രവർത്തകർക്കും നാട്ടുകാർക്കും മുന്നിൽ നിയമം കയ്യിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ കൂട്ടാക്കാതെ എല്ലാത്തിനും മൂകസാക്ഷികളായി ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഒടുവിൽ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് ഡിവൈഎഫ്ഐ നേതാക്കൾ കുപിതരാവുകയും ആക്രോശിക്കുകയും ചെയ്തു. ഒടുവിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കൊണ്ട് തിളച്ച വെള്ളം കുടിപ്പിച്ച ശേഷമാണ് വാഹനം മുന്നോട്ട് എടുക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ തയ്യാറായത്
Discussion about this post