കൽപ്പറ്റ: വയനാട് അമ്പലവയൽ ഉൾപ്പെടെയുള്ള മേഖലയിൽ അനുഭവപ്പെട്ട മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി. ഭൂചലനം സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വയനാട് പൊഴുതന മേഖലയിൽ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകൾ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിച്ചു. നിലവിൽ ഭൂകമ്പ രേഖകൾ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങൾക്ക് എന്തെങ്കിലും ഇൻപുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു.
അമ്പലവയൽ മേഖലയ്ക്ക് പുറമെ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിലും ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. അമ്പലവയലിൽ നിന്നും 24 കി.മീ അധികം ദൂരമുണ്ട് മുണ്ടക്കൈയിലേക്ക്.
ശബ്ദം കേട്ടപ്പോൾ ‘കൂൺ ഇടി’ ആയിരിക്കുമെന്നാണ് ആദ്യം പ്രദേശവാസികൾ സംശയിച്ചത്. വർഷകാലത്ത് കൂൺ മുളക്കുന്ന ഇടി വെട്ടാറുണ്ട്. എന്നാൽ വീട്ടിനുള്ളിൽ ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ടിതിനാൽ കൂൺ ഇടി ആണെന്ന അനുമാനം പ്രദേശവാസികൾ തള്ളുന്നു.
ആനപ്പാറ, താഴത്തുവയൽ. എടക്കൽ പ്രദേശത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്‌ഫോടനത്തിന് സമാനമായ ശബ്ദവും അനുഭവപ്പെട്ടത്. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല.
‘ജനൽചില്ലകളിൽ തരിപ്പ് ഉണ്ടായിരുന്നു. ആളുകൾ പുറത്തേക്ക് ഓടുകയായിരുന്നു. പ്രദേശത്ത് ഒരു പരിഭ്രാന്തി ഉണ്ട്. മാറി നിൽക്കാൻ നിർദേശം വരികയാണെങ്കിൽ ചെയ്യും. മുണ്ടക്കൈയിൽ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് ഇവിടെ. തെളിഞ്ഞ കാലാവസ്ഥയാണ്,’ വാർഡ് മെമ്പർ ഷമീർ പറഞ്ഞു. എടക്കൽ ജിഎസ്പി സ്‌കൂളിന് അവധി നൽകി.
Discussion about this post