ദിണ്ടിഗൽ: സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാട് ചൂരൽമല, മുണ്ടക്കൈ സ്വദേശികൾക്കായി ഈ നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വിവിധ സംഘടനകൾ, വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ തുടങ്ങി നാട്ടിലെ കൊച്ചുകുട്ടികളും സാധാരണക്കാരും വരെ തങ്ങളെക്കൊണ്ടാകും വിധം വയനാടിനായി സഹായഹസ്തം നീട്ടുന്നു.
കേവലം മലയാളികൾ മാത്രമല്ല വയാനാടിനായി ഒപ്പം നിൽക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. നേരത്തെ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്ന ഇവർ ഇപ്പോൾ വയനാട്ടിലേക്ക് സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും മുഴുകിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ദിണ്ടിഗൽ ബിരിയാണി റസ്റ്ററന്റ് ഉടമയായ മുജീബുർ റഹ്മാൻ.
പരമ്പരാഗതമായി മൊയി ഫീസ്റ്റ് (moi feast) എന്ന് അറിയപ്പെടുന്ന വിരുന്ന് ഒരുക്കിയാണ് മുജീബുർ റഹ്മാൻ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിക്കുന്നത്. ഹോട്ടൽ അസോസിയേഷൻ്റെയും റോട്ടറി ക്ലബ്ബിൻ്റെയും സഹകരണത്തോടെയായിരുന്നു ബിരിയാണി മേള. കഴിക്കുന്ന ഭക്ഷണത്തിന് ആർക്കും ബില്ല് നൽകിയില്ല, പകരം ആളുകൾക്ക് എത്ര പൈസ വേണമെങ്കിലും വയനാട് ദുരിതാശ്വാസ നിധിക്കായി നൽകാവുന്ന തരത്തിലായിരുന്നു ബിരിയാണി മേള. വലിയ പങ്കാളിത്തമാണ് മേളയിൽ ഉണ്ടായിരുന്നതെന്നും 2.5 ലക്ഷത്തോളം സമാഹരിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post