കൊച്ചി: യുവനടിയുടെ പരാതിയിൽ പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ് ഒന്നിനാണ് തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവനടി പൊലീസിൽ പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സമാനമായ മറ്റൊരു കേസിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ അന്ന് കേസെടുത്തത്. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ക്രൈം വാരിക എഡിറ്റർ ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരേ മോശം പരാമർശം നടത്തിയ സംഭവത്തിലായിരുന്നു അന്നത്തെ നടപടി. കേസെടുത്തതിന് പിന്നാലെ തുടർന്ന് സൂരജ് ഒളിവിൽപോയി. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ എത്തി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
സൂരജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചില പ്രധാന പരാമർശങ്ങളും അന്ന് കോടതി നടത്തിയിരുന്നു. ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇത്തരത്തിൽ അപമാനകരമായ കാര്യങ്ങൾ പറയുന്നത് കുറ്റകരമാണ്. ഡിജിറ്റൽ പ്ലാറ്റ് ഫോം എന്നു പറയുന്നത് ഒരു പൊതുവിടമാണ്. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ നടത്തുന്ന ഇത്തരം പരാമർശം ഒരാൾക്ക് അപമാനകരമായി തോന്നുകയാണെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനേയും ഇന്ന് പൊലീസ് പിടികൂടിയിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി.
ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സമൂഹമധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമർശങ്ങൾ നടത്തി എന്നാണ് പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കിയത്.
Discussion about this post