തൃശൂർ: രാവിലെ തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ഒരുകൂട്ടം മൊട്ടത്തലയൻ മാരെ കണ്ട് ആളുകൾ അമ്പരന്നു. തീരെ മുടിയില്ലാത്തവർ തല കഷണ്ടിയായവർ, പേരിനുമാത്രം മൂന്നോ നാലോ രോമങ്ങൾ തലയിലുള്ളവർ അങ്ങനെ ആകെ മൊത്തം മൊട്ട എന്ന് വിളിക്കാൻ പാകത്തിലുള്ളവരായിരുന്നു ആ കൂട്ടത്തിൽ ഉള്ളത്. എന്താണ് സംഗതി എന്നറിയാൻ നാട്ടുകാരും അങ്ങോട്ടേക്ക് ചെന്നു.
മൊട്ടത്തലയന്മാർ പുതിയ സംഘടനയുണ്ടാക്കാൻ കൂട്ടം ചേർന്നിരിക്കുകയാണ്. കൂട്ടായ്മയിൽ ‘മൊട്ട’ എന്ന സംഘടന രൂപവത്കരിക്കുകയും ചെയ്തു. തീരെ മുടിയില്ലാത്ത കഷണ്ടിത്തലയന്മാരല്ലിത്. കുറച്ചെങ്കിലും മുടിയുള്ളവർ. പക്ഷേ ദിവസവും തലമുടി വടിച്ച് നടക്കുന്നവർ. ഇതിന് വലിയ ധൈര്യംതന്നെ വേണം. ഇങ്ങനെയുള്ളവർക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകുമെന്നും കൂട്ടായ്മയ്ക്ക് തുടക്കമിട്ട സ്റ്റാൻഡപ്പ് കൊമേഡിയൻ കൂടിയായ സജീഷ് കുട്ടനെല്ലൂർ പറയുന്നു.’ഇതൊരു തുടക്കമാണ്. കഷണ്ടിത്തലയന്മാരുടെ കൂട്ടായ്മകളുണ്ടെങ്കിലും തലമൊട്ടയടിക്കുന്നവരുടെ കൂട്ടായ്മ ആദ്യമായാണ്. ആഗോളതലത്തിൽത്തന്നെ ഇങ്ങനെയുള്ള കൂട്ടായ്മ ആദ്യത്തെയാണ്’ -സജീഷ് അവകാശപ്പെടുന്നു.
സജീഷിന്റെ ആശയം മലപ്പുറത്തുള്ള യൂസഫ് കൊടിഞ്ഞിയും പട്ടാമ്പിയിലുള്ള അരുൺ ജി. നായരും ഏറ്റെടുത്തപ്പോഴാണ് ഈ കൂട്ടായ്മ ഉണ്ടാകുന്നത്. സംസ്ഥാനത്തിന്റെ പല സ്ഥലത്തുള്ളവരുണ്ട് കൂട്ടായ്മയിൽ. കൂടാതെ കാനഡ, ആഫ്രിക്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കേരളത്തിലാണ് മുടിക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്. വിദേശങ്ങളിൽ മൊട്ടകളാണ് സുന്ദരന്മാരെന്നാണ് ഇവരുടെ പക്ഷം. സമൂഹത്തിന് പോസിറ്റീവ് ആയ കാര്യങ്ങൾ ചെയ്യാനും കൂടിയാണ് കൂട്ടായ്മ. ബോഡി ഷെയിമിങ്ങിനെതിരേ പ്രചാരണമാണ് ആദ്യ തീരുമാനം. ‘മൊട്ടയടിച്ചാൽ ഫ്രീക്കാവും അല്ലെങ്കിൽ പെട്ടയാകും’, ‘വിഗ്ഗ് വെച്ചാൽ ഹാപ്പിയാവില്ല, വിഗ്ഗുകൾ വലിച്ചെറിയൂ, മുടിവടിക്കൂ’ ഇത്തരം മുദ്രാവാക്യങ്ങളാണ് ഇവർ ഉയർത്തുന്നത്.
Discussion about this post