കൽപ്പറ്റ: ചാലിയാറിൽ തിരച്ചിലിനായി പോയി വനത്തിൽ കുടുങ്ങിയ സന്നദ്ധ പ്രവർത്തകർ വനത്തിൽ തുടരുന്നു. ഇന്നലെ തിരച്ചിലിനായി പോയി എസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവർത്തകരാണ് വനത്തിൽ കുടുങ്ങിയത്. ചാലിയാർ പുഴയിൽ കുത്തൊഴുക്ക് ശക്തമായതോടെ മറുകരയിലേക്ക് എത്താനാവാതെ വനത്തിൽ കുടുങ്ങുകയായിരുന്നു.
സൂചിപ്പാറഭാഗത്താണ് ഇവർ ഉള്ളതെന്നാണ് വിവരം. ചൂരൽമഴയിലടക്കം കനത്ത മഴയായിരുന്നു ഇന്നലെ വൈകിട്ടോടെ പെയ്തത്. സംഘം പ്രദേശത്ത് സുരക്ഷിതരാണെന്ന ശബ്ദസന്ദേശമാണ് ഒടുവിൽ എത്തിയത്. കുത്തൊഴുക്ക് ശക്തമായതിനാൽ മറുകരയിലേക്ക് എത്താൻ കഴിയില്ലെന്നും കാപ്പിത്തോട്ടത്തിൽ സുരക്ഷിതമായി നിൽക്കാനാണ് തീരുമാനമെന്നായിരുന്നു ശബ്ദ സന്ദേശം. ജനകീയ തിരച്ചിലിന്റെ ഭാഗമായാണ് ഇവർ ഇന്നലെ തിരച്ചിലിന് ഇറങ്ങിയത്.
നിയാസ്, വഹാബ്, റഷീദ്, മുജീബ്, നിസാം, യൂനുസ്, ഷാഹുൽ, സഫീർ, നൗഷാദ്, ഹാരിസ്, ഫിനോസ്, സുബൈർ, ഹാരിസ് പരുന്തൻ, ഫൈസൽ എന്നിവരാണ് വനത്തിലുള്ളത്. ഇത് സംബന്ധിച്ച് പോത്തുകല്ല് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പുഴയിൽ വെള്ളം കുറഞ്ഞുവരുന്നുണ്ടെന്നും ഇതേസാഹചര്യം തുടരുകയാണെങ്കിൽ കുറച്ചുസമയം കഴിയുന്നതോടെ മറുകരയിൽ എത്തിച്ചേരാൻ സാധിക്കുമെന്നുമാണ് ഒടുവിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞതെന്നാണ് വിവരം. അതേസമയം ജലനിരപ്പ് ഉയരുന്നതിന് മുൻപ് തന്നെ തിരിച്ചുകയറാൻ ഇവർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും ഇത് അനുസരിച്ചില്ലെന്ന് പൊലീസ് പറയുന്നു.
Discussion about this post